വാട്ടർ അഥോറിറ്റി ഉദ്യോഗസ്ഥരെ തടഞ്ഞ് നാട്ടുകാർ
കയ്പമംഗലം: ചളിങ്ങാട് ശിവനടയുടെ കിഴക്കുഭാഗത്ത് രണ്ടുമാസമായി കുടിവെള്ള വിതരണം മുടങ്ങിയതിൽ പ്രതിഷേധിച്ച് നാട്ടുകാർ വാട്ടർ അഥോറിറ്റി ഉദ്യോഗസ്ഥരെ തടഞ്ഞു.
തുടർന്ന് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പ്രശ്നം പരിഹരിക്കാനുള്ള നടപടികൾ ആരംഭിച്ചു. നാട്ടിക ഫർക്ക ശുദ്ധജല പദ്ധതിയുടെ ഭാഗമായി കാലപ്പഴക്കംചെന്ന കുടിവെള്ള പൈപ്പുകൾ മാറ്റിസ്ഥാപിക്കുന്നതിനായി പ്രദേശത്ത് കുടിവെള്ള വിതരണം താൽക്കാലികമായി നിർത്തിവച്ചിരുന്നു. പൈപ്പ് മാറ്റി പുതിയ ലൈൻ സ്ഥാപിച്ചശേഷം വിതരണം പുനരാരംഭിച്ചെങ്കിലും ചളിങ്ങാട് ശിവനടയുടെ കിഴക്കുഭാഗത്തുള്ള 300 ലധികം വീടുകളിലേക്ക് ഇതുവരെ ശുദ്ധജലം എത്തിയിട്ടില്ല.
പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ നിരവധിതവണ വാട്ടർ അഥോറിറ്റി ഓഫീസിൽ പരാതി നൽകിയതായും ഉദ്യോഗസ്ഥരെ നേരിൽകണ്ടതായും നാട്ടുകാർ പറഞ്ഞു. പരാതിയെ തുടർന്ന് ഉദ്യോഗസ്ഥർ പലവട്ടം സ്ഥലത്തെത്തി പരിശോധനയും പരിഹാരശ്രമങ്ങളും നടത്തിയെങ്കിലും ഫലമുണ്ടായില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.ഇതിനിടെയാണ് ഇന്നലെ വീണ്ടും ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയത്.
ഇതോടെ നാട്ടുകാർ സംഘടിച്ചെത്തുകയും പ്രശ്നത്തിന് ഉടൻ ശാശ്വതപരിഹാരം കാണണമെന്ന് ആവശ്യപ്പെടുകയുംചെയ്തു. തുടർന്ന് ജെസിബി ഉപയോഗിച്ച് റോഡ് കുഴിച്ച് പൈപ്പ് ലൈൻ കണ്ടെത്തി തകരാർ പരിഹരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു.